കൊച്ചി : പൊലീസ് സ്റ്റേഷനിലെത്തിയ വക്കീലിനെ അപമാനിച്ച എസ്ഐക്ക് രണ്ട് മാസം തടവ്. ആലത്തൂർ മുൻ എസ്ഐ വി ആർ റെനീഷിനെതിരെ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു വർഷത്തേക്ക് ശിക്ഷാവിധി നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. കേസ് ഗൗരവമുള്ളതാണെന്നും ഒരു വർഷത്തിനിടയിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.ഈ വർഷം ജനുവരിയിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം. അപകടത്തിൽപ്പെട്ട വാഹനം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് അന്നത്തെ എസ്ഐ റെനീഷ് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. ഇതിന് പിന്നാലെ പൊലീസ് അഭിഭാഷകനെതിരെ കേസെടുത്തിരുന്നു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ്ഐക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പൊലീസുദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച് കൃത്യമായ മാർ ഗനിർദേശം കോടതി പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനെതിരാണ് മുൻ എസ്ഐയുടെ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനാ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസിൽ വാദം കേട്ടത്. ഒമ്പത് മാസക്കാലമായി കേസിൽ വി ആർ റെനീഷിനെതിരായ വാദം പുരോ ഗമിക്കുകയായിരുന്നു. ഇതിനിടെയാണ് ഹർജികളിൽ തീർപ്പ് കൽപിച്ച കോടതി മുൻ എസ്ഐക്ക് രണ്ട് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. നല്ല നടപ്പിനും കോടതി നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനെ അപമാനിച്ചുവെന്ന കുറ്റം വി ആർ റെനീഷ് സമ്മതിച്ചിരുന്നു. കുറ്റകൃത്യത്തിന്മേൽ വിആർ റെനീഷ് നൽകിയ നിരുപാധികം മാപ്പപേക്ഷയും ഹൈക്കോടതി അംഗീകരിച്ചു.
If the lawyer is insulted, the SI can be jailed